top of page

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 29-11-2021

CLICK HERE TO SEE VIDEO


മിൽമപാലിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരൻ - മറുപടിയുമായി മിൽമ


മിൽമ പാലിൽ കെമിക്കൽ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപവുമായി പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെയാണ് സമീപിച്ചത്. പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കളായ ഹൈഡ്രജൻ പെറോക്‌സൈഡുംകാസ്റ്റിക് സോഡയും ചേർക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇയാൾ മനുഷ്യാവകാശ കമ്മീഷനിൽ പറഞ്ഞു. പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ മിൽമ അധികൃതരോട് വിശദീകരണം തേടി.


പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ മറുപടി നൽകി. മിൽമ പാൽ സംഭരിക്കുന്ന കാനുകൾ വൃത്തിയാക്കുന്നതിനായി വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കാറുണ്ട്. ഇത് പാലിൽ ഉപയോഗിക്കാറില്ല. രാസവസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയിട്ടാണ് കാനുകളിൽ വീണ്ടും പാൽ സംഭരിക്കുന്നതെന്നും കമ്മീഷണർ റിപ്പോർട്ട് നൽകി. ഹൈഡ്രോജൻ പെറോക്‌സൈഡ് എന്ന രാസവസ്തു അണുനാശിനിയാണ്. സോഡിയം കാർബണേറ്റ്, ബൈ കാർബണേറ്റ് എന്നിവ കാനിലെ അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാനിൽ നിന്ന് ശേഖരിച്ച പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്നും അദ്ദേഹം റിപ്പോർട്ട് നൽകി.


സ്ഥാനാർത്ഥിയുടെ 'അന്ത്യാഭിലാഷം' നടത്തിയത് നാട്ടുകാരും ബന്ധുക്കളും. പണി കിട്ടിയത് ഉദ്യോഗസ്ഥർക്ക്.


വടക്കേ ഇന്ത്യയിലെ പല ഉൾനാടൻ പ്രദേശങ്ങളിൽ പലപ്പോഴും നിയമവും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തി ചെറിയൊരു വിഭാഗം ആളുകളുടെ മാത്രം ആഗ്രഹപ്രകാരം, നാട്ടിലെ പല കാര്യങ്ങളും നടത്താറുണ്ട്. പലപ്പോഴും നിയമത്തെ വെല്ലുവിളിക്കുക എന്നതായിരിക്കില്ല ഇവരുടെ ലക്ഷ്യം. പരമ്പരാഗതമായ രീതികളും അവർ പരിചയിച്ച മാർഗങ്ങളും തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവലംബിക്കുന്നതാകാം. എന്തായാലും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ടങ്ങളും പ്രദേശങ്ങളുമെല്ലാം ഉദ്യോഗസ്ഥർക്കും പൊലീസിനും പതിവ് തലവേദന തന്നെയാണ്.


അങ്ങനെയൊരു സംഭവമാണ് ബീഹാറിലെ ജമുവി യിൽ നടന്നത്. തലസ്ഥാനമായ പറ്റ്‌നയിൽ നിന്ന് 200 കിലോമീറ്ററോളം അകലത്തിലാണ് ജമുവി. ഇവിടെ നവംബർ 24ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇവയിലൊരു ഗ്രാമത്തിൽ വിജയിയായ പഞ്ചാത്തംഗത്തെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. കാരണം രസകരമാണ്. വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ സോഹൻ മുർമു എന്ന സ്ഥാനാർത്ഥി മരിച്ചു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് സോഹന്റെ ജീവിതാഭിലാഷമായതിനാൽ അദ്ദേഹത്തിന്റെ മരണം മറച്ചുവയ്ക്കാൻ കുടുംബവും അടുപ്പമുള്ള നാട്ടുകാരും തീരുമാനിച്ചു. മരണത്തിന് ശേഷമാണെങ്കിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നടക്കട്ടെയെന്ന് അവർ തീരുമാനിച്ചു. അങ്ങനെ വോട്ടെടുപ്പ് നടന്നു. എതിർ സ്ഥാനാർത്ഥിയെ 28 വോട്ടുകൾക്ക് പിന്നിലാക്കി സോഹൻ വിജയിക്കുകയും ചെയ്തു. ഫലം വന്ന ശേഷം വൈകാതെ സോഹന്റെ മരണം പരസ്യമായി. സംഭവത്തിൽ മറ്റ് രാഷ്ട്രീയ തിരിമറികളോ അഴിമതിയോ ഇല്ലായെങ്കിലും കുറച്ചു നാളെങ്കിലും ഉദ്യോഗസ്ഥരുടെ ഉറക്കം കെട്ടു.


പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു


തമിഴ് -തെലുങ്ക് സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. 1948 ഡിസംബർ 7ന് ചെന്നൈയിലാണ് ജനനം. എണ്ണൂറോളം സിനിമകൾക്ക് അദ്ദേഹം നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മൻമദരാസ, എസ്‌.എസ്.രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ‌ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കിയത് ശിവശങ്കർ മാസ്റ്റർ ആണ്.


ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


ഓൺലൈൻ വായ്പ തട്ടിപ്പിന്റെ ചതിക്കുഴി.


കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവമാകുന്നു. ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുടെ വിവരങ്ങൾ പുറത്തുവന്നതിനുശേഷം പോലീസും സർക്കാരും ഇടപെട്ട് നടപടി സ്വീകരിച്ച ഓൺലൈൻ വായ്പാ ആപ്പുകളാണ് ഇപ്പോൾ പുതിയ പേരിൽ വീണ്ടും സജീവമാകുന്നത്. കോവിഡ് വായ്പ എന്ന പേരിലും, വിവിധ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ലോഗോ ഉണ്ടാക്കിയും ഫേസ് ബുക്ക്‌, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ ഇത്തരത്തിലുള്ള ആപ്പുകളുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് വീണ്ടും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പ ആപ്പുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ കാരണം. 3,000 രൂപ മുതൽ ലഭിക്കുമെന്നതിനാൽ കുറഞ്ഞ വായ്പയെടുത്തവർ വരെ ഇവരുടെ ചതിക്കുഴിയിൽ പെട്ടുപോയിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകിയാൽ മതിയെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ ഉള്ള സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.ഇവരുടെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും, വിവരങ്ങളും ഇവർ ചോർത്തി എടുക്കും.


വായ്പ തിരിച്ചടയ്ക്കാൻ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ വായ്പയായി തന്നിരിക്കുന്ന പണത്തിന് ഭീമമായ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമാണ് പിന്നീടുള്ള നടപടി. തിരിച്ചടയ്ക്കാനാകാതെ വന്നാൽ കോൺടാക്ടിലുള്ള മുഴുവൻ പേർക്കും ഇവർ സന്ദേശം അയക്കും. "ഇവർ നിങ്ങളുടെ നമ്പർ റഫറൻസ് വെച്ച് വായ്പ എടുത്തിട്ടുണ്ടെന്നും നിങ്ങളിൽ നിന്ന് പണം തിരികെ ഈടാക്കും" എന്നുമാണ് ഭീഷണി സന്ദേശം. വാട്സാപ്പിലും മറ്റും ഇയാൾ ഫ്രോഡ് ആണെന്നും സാമ്പത്തിക കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്നുമുള്ള രീതിയിൽ വായ്പ എടുത്ത ആളിന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കും. നാണക്കേട് ഭയന്ന് പലരും കടംവാങ്ങി വായ്പ തിരിച്ചടയ്ക്കും.


ശ്രദ്ധിക്കുക


രാജ്യത്ത് ഇനി പറയുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വായ്പ നൽകാൻ അനുമതിയുള്ളൂ.


1. ബാങ്കുകൾക്ക് സ്വന്തം ആപ്പുകൾ വഴി വായ്പ നൽകാം

2. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള എൻ ബി എഫ് സി കൾ അതായത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാം

3. അതാത് സംസ്ഥാന സർക്കാരുകളുടെ നിയമപരിധിയിൽ വരുന്ന ചില സ്ഥാപനങ്ങൾക്കും ഇത്തരം വായ്പ നൽകാൻ അധികാരമുണ്ട്.

ഇവർ നിയമപ്രകാരം പ്രവർത്തിക്കുന്നവയായതുകൊണ്ട് വായ്പകൾ നൽകുന്നതിലും റിക്കവറി ആവശ്യമാണെങ്കിൽ തന്നെ ചൂഷണം ചെയ്ത് തിരിച്ചു പിടിക്കില്ല. ഇവരിലൂടെയല്ലാതെയുള്ള വായ്പകൾ ശരിക്കും നിയമവിരുദ്ധമാണ്.


എസ് ഐക്ക് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രയാക്കി ജനങ്ങൾ, തേങ്ങലടക്കാനാവാതെ എസ്ഐ -യും


ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു വിശാൽ പട്ടേൽ. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആളുകളുടെ കണ്ണിലുണ്ണിയായിരുന്നു. പരാതികളുമായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൊവിഡ് കാലത്ത് നിരവധി ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. വിശാലിനെ ആര് എപ്പോൾ വിളിച്ചാലും അവരുടെ ആവശ്യങ്ങൾ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാൽ വിശാൽ നഗരത്തിൽ ജനപ്രിയനായി. എന്നാൽ അദ്ദേഹത്തെ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റി. എസ്ഐയുടെ സ്ഥലംമാറ്റത്തെ കുറിച്ച് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് വിശാലിന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. കരഞ്ഞും, കെട്ടിപ്പിടിച്ചും, പുഷ്പങ്ങൾ വാർഷിച്ചും അവർ അദ്ദേഹത്തെ യാത്രയാക്കി, കൂടെ കരഞ്ഞു SI യും.


അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു


അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി അന്തരിച്ചു. 87 വയസായിരുന്നു. അറയ്ക്കൽ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. 2019 മേയിലാണ് മറിയുമ്മ ഭരണാധികാരിയാകുന്നത്. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. അധികാര കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇങ്ങനെ അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് അറിയപ്പെടുന്നത്.


ഇന്ത്യയുടെ വേല


ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ പ്രഹര ശേഷി നൽകി, പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ. എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്കമ്മിഷൻ ചെയ്തു. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പ് ഡിസൈൻ ചെയ്ത അന്തർവാഹിനി മുംബയിലെ മസഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ആറ് സ്‌കോർപ്പീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐ. എൻ. എസ് വേല. 1973ൽ നേവിയുടെ ഭാഗമായ ഐ. എൻ. എസ് വേല എന്ന അന്തർവാഹിനിയുടെ പിൻഗാമിയാവും ഇത്. 2009ൽ നിർമ്മാണം തുടങ്ങിയ അന്തർവാഹിനിക്ക് ഐ. എൻ. എസ് വേല എന്ന് പേരിട്ടത് 2019മേയിലാണ്. 2021 നവംബർ 9ന് നേവിക്ക് കൈമാറി. ശത്രുവിന്റെ റഡാറുകളിൽ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കുമെന്നതാണ് പ്രത്യേകത.


വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ് വിതരണം ചെയ്തു


വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ്, കേരളപ്പിറവി ആഘോഷ പരിപാടിയോടനുബന്ധിച്ചു ന്യൂജേഴ്‌സി യിൽ വിതരണം ചെയ്തു. ആൻഡ്രൂസ് കുന്നുംപറമ്പിൽ, സരോജ വർഗീസ്, സോയാ നായർ എന്നിവരാണ് അവാർഡിന് അർഹരായത്. നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് ഇവർ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്.


കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ സഭ പാസാക്കി; ചർച്ചയില്ലെന്ന് കേന്ദ്രം


വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. എന്നാൽ ഈ ആവശ്യം സ്പീക്കർ തള്ളി. ശബ്ദവോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്. സഭ രണ്ടുമണി വരേക്കു പിരിഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.