top of page

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 28-11-2021

CLICK HERE TO SEE VIDEO


കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച ക്വാറൻറീൻ; കർണാടകം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു


കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് (covid 19) പരിശോധന കർശനമാക്കി കർണാടകം (Karnataka). കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും


ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ (നവംബർ 29) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് (ഇന്ന്) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ചിറയിൽ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും


ചിറയിൽ മുങ്ങിത്താഴുകയായിരുന്ന (drowning) നാല് കുട്ടികളെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഇന്ദു എന്ന വീട്ടമ്മയും മൂന്ന്, ആറ്, എട്ട് വയസ്സുള്ള കുട്ടികളുമാണ് കഴിഞ്ഞ ദിവസം കൊട്ടില ചിറയിൽ അപകടത്തിൽപ്പെട്ടത്. ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയൽവാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇന്ദുവും കുട്ടികളും മാതമംഗലത്തെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ്


തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.


വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.


പ്രതിരോധ മാർഗങ്ങൾ

  • ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻറ് നേരമെങ്കിലും നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

  • വൃക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

  • പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

  • തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

  • കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.


കുതിരാൻ ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും


കുതിരാൻ ദേശീയ പാതയിൽ വൈകുന്നേരം 4 മുതൽ 8 വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിട്ട് തുടങ്ങിയതോടെ കുതിരാനിൽ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണപ്രവർത്തികളുടെ ഭാഗമായാണ് ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തിയത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തൃശൂർ ഭാഗത്തേക്കുള്ള വാഹങ്ങളും ഒന്നാം തുരങ്കത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ വൈകുന്നേര സമയങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ എത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്.


‘ടോക് ടു കേരള പൊലീസ്’ അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാം


കേരള പൊലീസിന് കീഴിൽ സൈബർ സുരക്ഷാ രംഗത്ത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണ്. കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്’. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്‌സലൻസാണ് സൈബർ ഡോം.


പായലിൽനിന്ന് ജൈവ ഡീസൽ; കേരളത്തിലും അനന്തസാധ്യത


പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പുതന്നെ തുടങ്ങിയിട്ടുണ്ട് വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയരായ 42 കാരൻ. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു. സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തിൽ പായലിൽനിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈർപ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതൽ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായൽ വളരാൻ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്.


സിറോ മലബാർ സഭ നേരിടുന്നത് അസാധാരണ സാഹചര്യം.


അസാധാരണ സാഹചര്യത്തിലൂടെയാണ്‌ സിറോ മലബാർസഭ കടന്നുപോകുന്നത്. മെത്രാൻമാർക്കിടയിലെ ഭിന്നിപ്പ് മാധ്യമങ്ങളിൽ പരസ്യചർച്ചയാകുന്നത് ഇതാദ്യമാകും.സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത് ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി. സിനഡ് തീരുമാനം എല്ലായിടത്തും നടപ്പാക്കാനായില്ലെന്നതും തിരിച്ചടിയാണ്. മറ്റുരൂപതകളിലും വൈദികർ സംഘടിക്കുന്നതിനും കൂടുതൽ പരസ്യപ്രതികരണം നടത്തുന്നതിനും പുതിയസംഭവങ്ങൾ ഇടയാക്കുമെന്നുറപ്പാണ്.


തണ്ടപ്പേരില്ല; മഹാരാജാവിന് ആറ്റിങ്ങലിലെ ഭൂമിയിൽ അവകാശമില്ലെന്ന് റവന്യൂവകുപ്പ്.


ചിത്തിരതിരുനാൾ രാജാവിന് ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപം അവകാശപ്പെട്ട സ്ഥലത്തിന് തണ്ടപ്പേരില്ലെന്ന് റവന്യൂവകുപ്പ്. അതിനാൽ സ്ഥലത്തിന് കരമടച്ച് അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്നാണ് മറുപടി. ആറ്റിങ്ങലിൽ രാജകുടുംബത്തിനുണ്ടായിരുന്ന പ്രധാന കൊട്ടാരം ദേവസ്വംബോർഡിന്റെ അധീനതയിലാണിപ്പോൾ.അതിനോടു ചേർന്നുള്ള കമാനവും 15 സെന്റ് സ്ഥലവുമാണ് രാജകുടുംബത്തിന്റേതായി അവശേഷിക്കുന്നത്. 1971-ലെ ഭാഗപത്രപ്രകാരം സ്ഥലത്തിന്റെ അവകാശി ചിത്തിരതിരുനാൾ രാജാവാണ്. ആറ്റിങ്ങൽ നഗരസഭ ഈ കമാനം രാജകുടുംബത്തിന്റെ പേർക്ക് നമ്പറിട്ട് കരം ഒഴിവാക്കിക്കൊടുത്തിട്ടുമുണ്ട്.


വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ല


വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശം. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് കക്ഷികളുടെ മതം നോക്കിയല്ലെന്നും സർക്കാർ വ്യക്തമാക്കി.


പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്


പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിതാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. യുവതിയെ കാറിൽ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നൽകി. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്.


സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു : പൊലീസ്