ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 30-11-2021
Ballon d'Or 2021 പുരസ്ക്കാരത്തോടെ മഴവില്ലഴക് വിരിച്ചു മെസ്സി.
ഫുട്ബോളിന്റെ ആകാശത്ത് വീണ്ടും മഴവില്ല് വിരിയിച്ച് ലിയോണൽ മെസി . ഏഴാം തവണയും Ballon d'ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലൻ ഡി ഓർ നേട്ടം പേരിലെഴുതിയിരുന്നു. അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം നടന്നത്. ബാഴ്സലോണയിലും പിഎസ്ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്സിയിലെ ആദ്യ അന്താരാഷ്ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്.
ആര്. ഹരികുമാര്‍ നാവികസേനാ മേധാവിയായി ചുമതലയേറ്റു.
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ആര്. ഹരികുമാര്‍ ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ആര്. ഹരികുമാര്‍. ഏറെ നിര്‍ണായകമായ സമയത്താണ് നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്. ഹരികുമാര്‍ നാവികസേനാ മേധാവിസ്ഥാനം ഏറ്റെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു ഹരികുമാര്‍.
സാഹിതി വാണി ടീം അംഗങ്ങള ആദരിച്ചു
ദേശീയ എഡ്വൂ തോൺ മൽസരത്തിൽ മികച്ച വിദ്യാഭ്യാസ ആശയമായി തെര ഞ്ഞെടുക്ക പ്പെട്ട 1.14 സാഹിതി വാണി ഇൻറർ നെറ്റ് റേഡിയോ ടീം അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ ആദരിച്ചു. സ്റ്റേഷൻ ഡയറക്ടർ അലു കൃഷ്ണ ,ചീഫ് ആർ. ജെ. വിജിത കുരാക്കാർ ,പ്രേം ഗ്രാം ഡയറക്ടർ അലോക്ക് പ്രപഞ്ച് എന്നിവരെ യാ ണ് ആദരിച്ചത്.
800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ
800 -നും 1,200 -നും ഇടയിൽ പഴക്കമുള്ള ഒരു മമ്മി(mummy) പെറുവിലെ പുരാവസ്തു ഗവേഷകർ(archeologists in Peru) രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമ(Lima)യ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് കണ്ടെത്തി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകർ, ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സൈറ്റിൽ ഒരു ടൗൺ സ്ക്വയറിന് നടുവിലാണ് ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മമ്മിയെ കയറുകൊണ്ട് കെട്ടി, കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്നാണ് ഗവേഷകർ പറയുന്നത്. മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്, അത് ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് എന്നാണ്.
ജാക്ക് ഡോർസി ട്വിറ്റർ സിഇഒ സ്ഥാനം ഒഴിഞ്ഞു; പകരം പരാഗ് അഗർവാൾ...
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ജാക്ക് ഡോർസി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജനായ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസർ (സിടിഒ) പരാഗ് അഗർവാൾ പുതിയ സിഇഒ ആയി ചുമതലയേൽക്കും. കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിനു കമ്പനി ബോർഡ് ഒരുങ്ങുകയായിരുന്നു. ജാക്ക് ഡോർസി തന്നെയാണു സ്ഥാനമൊഴിയുന്ന കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ജാക്ക് ഡോർസിക്കും ടീമിനും നന്ദി അറിയിച്ച് പുതിയ സിഇഒ ആയ പരാഗ് അഗർവാളും ട്വീറ്റ് ചെയ്തു.ജാക്ക് ഡോർസി സിഇഒ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി പരാഗ് അഗർവാളിനെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായും ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു. പാട്രിക് പിച്ചെറ്റിന്റെ പിൻഗാമിയായി ബ്രെറ്റ് ടെയ്ലർ ഡയറക്ടർ ബോർഡിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പാട്രിക് പിച്ചെറ്റ് ഡയറക്ടർ ബോർഡിലും ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായും തുടരും.
കടമെടുത്ത് രാജ്യംവിട്ടാലും ഇനി രക്ഷയില്ല
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിദേശ ആസ്തികൾ കണ്ടുകെട്ടി വായ്പാത്തുക ഈടാക്കാൻ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇംഗ്ലണ്ട്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ 49 രാജ്യങ്ങൾ അനുവർത്തിച്ചുവരുന്ന ‘മോഡൽ നിയമം’നടപ്പാക്കാനാണു സർക്കാർ നീക്കം. മോഡൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരടു നിയമം, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് വിജ്ഞാപനം ചെയ്തു. കരടിൽ അഭിപ്രായമറിയിക്കാൻ ഡിസംബർ 15 വരെയാണ് അവസരം. തിരിച്ചടവു മുടക്കി വിദേശത്തേക്കു രക്ഷപ്പെട്ടവരുടെ വിദേശത്തെ സ്വത്തുവകകൾ വിൽക്കുന്നതിനുംമറ്റും നിലവിലുള്ള സങ്കീർണതകളും നിയമതടസങ്ങളും പുതിയ നിയമം നടപ്പാക്കുന്നതോടെ മറികടക്കാനാകും. വ്യക്തിഗത ഗാരന്റി നല്‍കിയിട്ടുള്ള പ്രമോട്ടർമാരുടെ വിദേശ ആസ്തികളും ഇത്തരത്തിൽ കണ്ടുകെട്ടാൻ പുതിയ കരടുനിയമത്തിലൂടെ സാധിക്കും. മോഡൽ നിയമം നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളിലെ കോടതികൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണു രാജ്യാതിർത്തി കടന്നുള്ള നടപടികൾ സാധ്യമാകുന്നത്. മോഡൽ നിയമം അനുവർത്തിക്കുന്ന രാജ്യങ്ങൾക്കു പൊതുവിൽ ബാധകമായിട്ടുളള പ്രവർത്തനമാർഗരേഖ അനുസരിച്ചായിരിക്കും ഈ സഹകരണം.
കുര്യൻ വർഗീസ് സമർപ്പിത അധ്യാപകൻ .. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
വിദ്യാഭ്യാസ മേഖലയിൽ കൈയ്യൊപ്പു ചാർത്തിയ അധ്യാപക നായിരുന്നു കുര്യൻ വർഗ്ഗീസ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ അഭിപ്രായപെട്ടു. നാലാഞ്ചിറ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ആയിരിക്കെ മരണപെട്ട കുര്യൻ വർഗീസിൻ്റെ സ്മരണാർത്ഥം ഏർപെടുത്തിയ പ്രഥമ ചരിത്രാധ്യാപക പുരസ്ക്കാരം ബി. അജയകുമാറിന് നൽകി പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. എൻഡോവ്മെൻറ് സമതി രക്ഷാധികാരി ഫാ. സജി മേക്കാടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻഡോവ് മെൻ്റ് കമ്മറ്റി ചെയർമാൻ ബിന്നി സാഹിതി ,സെക്രട്ടറി പ്രിൻസ് എം. ഫിലിപ്പ് ,സാം കുരാക്കാർ, അഡ്വ. പി. എസ്. തോമസ് ,എസ്. സത്യദാസ് ,കുര്യൻ വർഗീസിൻ്റെ സഹധർമ്മിണി ലിസി കുര്യൻ, അഡ്വ. വൈ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസിയാണ് എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി നിയമിക്കും. ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇൻസ്പെക്ടർ (എസ്ഐ) പദവി നൽകുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാൻ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കൽ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ബഥനി ആശ്രമം നവജ്യോതി പ്രൊവിൻസ് റാന്നി ചെറുകുളഞ്ഞി ആശ്രമ അംഗമാണ് ജോസഫ് അച്ചൻ. ബഥനി ആശ്രമം ഹൈസ്കൂളിലെ അദ്ധ്യാപക ജോലിക്കൊപ്പം തിരുവല്ല അതിരൂപതയിലെ എംസിവൈഎം റാന്നി മേഖല ഡയറക്ടറായി കൂടി സേവനം ചെയ്യുന്നു.
മാധ്യമങ്ങളുടെ വാ മൂടിക്കെട്ടി താലിബാൻ ഭരണകൂടം
അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തി താലിബാൻ ഭരണകൂടം. സർക്കാരിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ വാർത്തകൾ നിരോധിക്കുകയാണെന്ന് ബദാക്ഷാൻ പ്രവിശ്യയിലെ താലിബാൻ നേതൃത്വമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് അഫ്ഗാനിസ്ഥാൻ ജേർണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി (എജെഎസ്സി) പറഞ്ഞു. വാർത്താശേഖരണത്തിനായി പൊതുസ്ഥലങ്ങളിൽ പോകുന്നതിൽനിന്ന് സ്ത്രീകളെ വിലക്കിയതായും വാർത്താവിതരണ വകുപ്പിന്റെ പ്രാദേശിക ഡയറക്ടർ പുറത്തിറക്കിയ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാകുന്നു.
യുഗാണ്ടയുടെ വിമാനത്താവളം കൈക്കലാക്കാൻ ചൈന
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുഗാണ്ടയുടെ ഏക വിമാനത്താവളം കൈക്കലാക്കാൻ ചൈന നീക്കം തുടങ്ങി. എന്റബെ അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കുന്നതിനുവേണ്ടി 2015ൽ യോരി മുസിവേനി സർക്കാർ 20 കോടി ഡോളർ ചൈനയുടെ എക്സ്പോർട് ഇംപോർട്ട്(എക്സിം) ബാങ്കിൽനിന്നു വായ്പയെടുത്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വിമാനത്താവളം ചൈനയുടെ നിയന്ത്രണത്തിലാക്കാൻ വായ്പാ രേഖയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ആവശ്യം ചൈന അംഗീകരിച്ചിട്ടില്ല.